National
കോൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ കൊലപാതകത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് മലയാളിയായ സന്ദീപ് നായർ ആണെന്ന രീതിയിൽ ആദ്യം വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും, ഇയാൾ മംഗളൂരു സ്വദേശി സന്ദീപ് നായിക്ക് (30) ആണെന്ന് കണ്ടെത്തി. ബംഗാൾ പോലീസ് മംഗളൂരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്തലിയിൽ സംഭവം നടക്കുന്നത്.
സന്ദീപ് നായിക്കിനെ മോഷ്ടാവെന്നാരോപിച്ച് ആൾക്കൂട്ടം കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കേരളത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഇയാൾ കുൽത്തലിയിൽ എത്തിയത്. എന്നാൽ പ്രാദേശിക ഭാഷ അറിയാത്തതിനാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഇത് ആൾക്കൂട്ടത്തെ കൂടുതൽ പ്രകോപിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്രൂരമായ ഈ ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. പ്രതികൾക്കെതിരെ ശക്തമായ അന്വേഷണവുമായി ബംഗാൾ പോലീസ് മുന്നോട്ട് പോവുകയാണ്.
National
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. മുൻ സൈനികൻ സന്ദീപ് മഞ്ചാരഗിനെയാണ് ഭാര്യ സുമ ആൺ സുഹൃത്തിന്റെയും ആശുപത്രി ജീവനക്കാരന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. സന്ദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
ഹുക്കേരിയിൽ നിന്ന് മടങ്ങവേ സന്ദീപിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. സന്ദീപിന് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സുമയും അവരുടെ സുഹൃത്ത് ദോംബാറും ചേർന്ന് സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഗാട്ടപ്രഭയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിന്, ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുൻപ് അവിടത്തെ ജീവനക്കാരനെ സ്വാധീനിച്ച് സുമയും ദോംബാറും വിഷം നൽകിയെന്നാണ് പോലീസ് കണ്ടെത്തിയത്. വീട്ടിലെത്തി വൈകാതെ സന്ദീപ് മരിച്ചു. ഇത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് സുമ എല്ലാവരെയും വിശ്വസിപ്പിച്ചത്. സംസ്കാരവും നടത്തി.
എന്നാൽ സന്ദീപിന്റെ മരണത്തിൽ സംശയം തോന്നിയ ചിലർ പോലീസിൽ വിവരമറിയിച്ചതോടെയാണ് വിശദമായ അന്വേഷണം നടന്നത്. റീ പോസ്റ്റ്മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. ഇതോടെയാണ് ഭാര്യയിലേക്ക് സംശയം നീണ്ടത്. ആശുപത്രി ജീവനക്കാരനെ ചോദ്യം ചെയ്തതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
തുടർന്ന് സുമ, ദോംബാർ, ആശുപത്രി ജീവനക്കാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മരണ ശേഷം സംശയം ഉണ്ടാവാതിരിക്കാൻ ബുദ്ധിപരമായാണ് സുമ നീങ്ങിയിരുന്നത്. സന്ദീപിന്റെ പേരിലുള്ള രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
National
ലക്നോ: ഉത്തർപ്രദേശിലെ ധൗരാഹ്ര വനമേഖലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഏഴു വയസുകാരൻ മരിച്ചു. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ദുധ്വ ബഫർ സോണിൽ വച്ച് ശുഭം എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം അച്ഛനൊപ്പം കൃഷിയിടം നനയ്ക്കാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായിത്. കൃഷിയിടത്തിന് സമീപത്തുള്ള കാട്ടിൽ നിന്ന് ചാടിവന്ന പുള്ളിപ്പുലി കുട്ടിയെ കടിച്ചുകീറി. പിതാവും മറ്റ് ഗ്രമാവാസികളും ബഹളം വച്ചതിനെത്തുടർന്ന് പുള്ളിപ്പുലി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശുഭമിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പുള്ളിപ്പുലിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി കൂടുകളും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ മകനെ ഉപദ്രവിച്ച ഭർത്താവിനെ യുവതി കൊലപ്പെടുത്തി. നാല് വർഷമായി പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ കുടുംബവീട്ടിലെത്തി മകനെ ക്രൂരമായി ഉപദ്രവിച്ച ദീൻദയാൽ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നീലം കുശ്വാഹയെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാല് വർഷമായി ദീൻദയാലുമായി പിരിഞ്ഞ് സ്വന്തം കുടുംബവീട്ടിലായിരുന്നു നീലം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ദീൻദയാൽ വീടിന്റെ വാതിൽ ബലമായി തുറന്ന് അകത്തുകയറുകയും മകന്റെ കാലുകളിൽ പിടിച്ച് തലകീഴായി കെട്ടിത്തൂക്കുകയുമായിരുന്നു.
ഉടൻ തന്നെ നീലം സമീപത്തുണ്ടായിരുന്ന വടിയെടുത്ത് ദീൻദയാലിനെ തുടർച്ചയായി അടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നീലം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം തന്നെയിരുന്നു. തുടർന്ന് സമീപത്തെ ക്ഷേത്രത്തിലെത്തിയ യുവതി പ്രാർഥിച്ച ശേഷം സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തുകയും കൊലപാതക വിവരം അറിയിക്കുകയും ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ദീൻദയാൽ മുൻപും ഭാര്യയെയും മകനെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ അവിഹിത ബന്ധം ചോദ്യം ചെയ്ത 15 കാരനെ മാതാവും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഗംഗമ്മയുടെ മകൻ വീരേന്ദ്രയാണ് കൊല്ലപ്പെട്ടത്. ഗംഗമ്മയും കാമുകൻ ദർഗപ്പയും ചേർന്നാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സംഭവം മൂടിവെക്കാൻ മകനെ കാണാനില്ലെന്ന് കാണിച്ച് ഇവർ പോലീസിൽ വ്യാജ പരാതിയും നൽകിയിരുന്നു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊലപാത വിവരം പുറത്തുവന്നത്.
ഗംഗമ്മയും ദർഗപ്പയും തമ്മിലുള്ള വീരേന്ദ്ര പലതവണ ചോദ്യം ചെയ്യുകയും ബന്ധുക്കൾക്കും ഗ്രാമവാസികൾക്കും മുന്നിൽ ഈ വിവരം തുറന്നുപറയുകയും ചെയ്തു. ഇതേച്ചൊല്ലി വീട്ടിൽ വഴക്കുകൾ പതിവായിരുന്നു. ബന്ധത്തിന് തടസമാകുമെന്ന ഭയത്താൽ ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിന്റെ അതിർത്തിയുള്ള ഒരു ശ്മശാനത്തിൽ രഹസ്യമായി കുഴിച്ചുമൂടി.
അന്വേഷണം തിരിച്ചുവിടാൻ ഗംഗമ്മ തന്നെയാണ് മകനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയത്. അന്വേഷണം വൈകുന്നു എന്ന് ആരോപിച്ച് മകനെ കണ്ടെത്താൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
കോടതി ഇടപെടലിനെ തുടർന്ന് കേസ് വേഗത്തിലാക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഗംഗമ്മയെയും ദർഗപ്പയെയും ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും കോൾ റെക്കോർഡുകളും സാക്ഷിമൊഴികളും പരിശോധിച്ചതിലൂടെയും പോലീസിന് ഇവരിൽ സംശയം തോന്നി.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരുടെയും മെഡിക്കൽ സംഘത്തിന്റെയും സാന്നിധ്യത്തിൽ വീരേന്ദ്രയുടെ മൃതദേഹം ശ്മശാനത്തിൽ നിന്നും പുറത്തെടുത്തു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. ദർഗപ്പയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. സിദ്ധാർഥ്നഗറിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരായ കുസും (50), മകൾ അഞ്ജലി (13) എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ ഡ്രൈവർ ഫത്തേപൂർ സ്വദേശി ഹർഷ് പാണ്ഡെയെ തിരിച്ചറിഞ്ഞു. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു അപകടം.
യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്കായി ബസ് നിർത്തുകയും ഈ സമയത്ത് ബസിൽ നിന്നിറങ്ങിയ ഇരുവരും ഇരുട്ടിൽ ദിശമാറി റോഡിന്റെ നടുവിലെ ഡിവൈഡറിലേക്ക് നടന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരണമടഞ്ഞിരുന്നു.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വാനും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. നിയന്ത്രണം വിട്ട വാനും ട്രക്കും മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ലംഖിംപൂരിൽ നിന്നു സിസൈയയിലേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സബർകാന്തയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. അമിതവേഗത്തിൽ വരികയായിരുന്ന ബസ് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
കാറ്ററിംഗ് തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മോഡാസയിൽ നിന്ന് ഹമ്മത്നഗറിലേയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ. കാറിലുണ്ടായിരുന്ന ആറ് സ്ത്രികളാണ് മരിച്ചത്.
പരിക്കേറ്റ എട്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
National
റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹാരിൽ പൂക്കൾ ശേഖരിക്കാൻ വനത്തിൽ പോയ രണ്ട് സ്ത്രീകൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചു. ശിലാമാനിയ ദേവി (64), ശാന്തി കുൻവർ (50) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പൂക്കൾ ശേഖരിക്കാനായി ഇരുവരും വനത്തിലേയ്ക്ക് പോയതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ ആശുപത്രയിലേയ്ക്ക് മാറ്റി. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് ജാർഖണ്ഡ് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അടിയന്തര സഹായമായി 50,000 രൂപ വീതം കൈമാറി. ബാക്കി പണം മറ്റ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നൽകുമെന്ന് അധികൃതർ അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാൻപുരയിൽ സഹോദരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മദ്യലഹരിയിലെത്തിയ അസ്ലം ഹുസൈൻ (26) ആണ് സഹോദരൻ സഫ്ദർ ഹുസൈനെ (22) കുത്തി കൊലപ്പെടുത്തിയത്.
പതിവായി മദ്യപിച്ച് വീട്ടിൽ എത്തുന്ന അസ്ലം കുടുംബാംഗങ്ങളോട് പണം ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച മദ്യപിച്ചെത്തിയ അസ്ലം, സഫ്ദറിനോട് പണം ആവശ്യപ്പെടുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. കോപാകുലനായ പ്രതി സഫ്ദറിനെ മർദിക്കുകയും കുത്തി കൊലപ്പെടുത്തിയെന്നാണ്കേസ്.
സംഭവം അറിഞ്ഞ ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സഫ്ദറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്ലമിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് ഇന്ദ്രലോക് കോളനിയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടയാത്.
ഓടും തിണിയും കൊണ്ടു നിർമിച്ച 30 ഓളം വീടുകൾ തീപിടുത്തത്തിൽ കത്തി നശിച്ചു. തീപിടുത്തത്തിനിടെ നിരവധി ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ 24 സിലിണ്ടറുകൾ നീക്കം ചെയ്തു.
മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു എന്നും പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
National
ഹൈദരാബാദ്: തെലുങ്കാനയിലെ വനസ്ഥലിപുരത്ത് അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. മദ്യലഹരിയിലായിരുന്ന കെ. രാം കുമാർ റെഡ്ഡി (34) ഓടിച്ച കാറാണ് രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥികളായ കെ. ശിവ (20), എൻ. സന്തീപ് കുമാർ (20) എന്നിവരെ ഇടിച്ച് വീഴ്ത്തിയത്.
ഓംകാർ നഗറിലെ ഡിവൈഡറിനു സമീപം വിദ്യാർഥികൾ ബൈക്കിൽ ഇരിക്കുന്പോൾ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
വിദ്യാർഥികളെ ഇടിച്ച ശേഷം കാർ ഒരു കാൽനടയാത്രക്കാരനെയും ഇടിച്ചു. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് കാറിനടിയിൽ കുടുങ്ങുകയും 20 കിലോമീറ്ററോളം വലിച്ചുകൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. ഉള്ളിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ രാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
National
മുംബൈ: മഹാരാഷ്ട്രയിലെ മുംബ്രയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ, പിന്നിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിന്റെ മുൻചക്രത്തിനടിയിൽ കുടുങ്ങുകയും ബൈക്ക് യാത്രികരെ വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു.
അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അരീക്കോട് വാവൂര് സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്.
2012 ജൂലൈ 21നാണ് സംഭവം നടന്നത്. മുഹമ്മദ് ശരീഫ്, ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാല്)ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള് വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള് ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.
സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.
National
മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് വ്യവസായി മരിച്ചു. കല്യാണിലെ നിരവധി വസ്ത്രശാലകളുടെ ഉടമ ശ്രീനിവാസ് തണ്ഡലെ (42) ആണ് മരിച്ചത്.
അമിതവേഗത്തിൽ വന്ന കാർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീനിവാസനെ ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യായാമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സൈക്കിൾ സവാരി ആരംഭിച്ച ദിവസം തന്നെയാണ് അപകടമുണ്ടായത്.
അശ്രദ്ധമായി വാഹനമോടിച്ചതിന് കർശന നടപടിയെടുക്കണമെന്ന് ശ്രീനിവാസന്റെ സഹോദരൻ ഗണേഷ് ആവശ്യപ്പെട്ടതിനെ തുടർന്ന് വാഹനമോടിച്ച കുട്ടിക്കും വഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ബംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ അടിച്ചു കൊന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്.
രാത്രിയിൽ നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട മോഹൻകുമാറിനായി അന്വേഷണം ഊർജിതമാക്കി. പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് ഇന്ദിരാനഗർ പോലീസ് പറഞ്ഞു.